എന്‍റെ ഭാഷ
 

മിണ്ടിത്തുടങ്ങാന്‍ശ്രമിക്കുന്ന
പിഞ്ചിളം-
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍.
മാതാവിന്‍ വാത്സല്യദുഗ്ധം നുകര്ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ;
അമ്മ താന്‍ തന്നേ പകര്‍ന്നു തരുമ്പോഴേ
നമ്മള്‍ക്കമൃതമമൃതായ് തോന്നു!
ഏതോരു വേദവുമേതോരു ശാസ്ത്രവു-
മേതോരു കാവ്യവുമേതോരാള്‍ക്കും
ഹൃത്തിന്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍ നിന്നു താന്‍ കേള്‍ക്കവേണം

   

(സാഹിത്യമഞ്ജരി ഏഴാം ഭാഗം)
വള്ളത്തോള്‍ നാരായണമേനോന്‍

   
 

സാഹിത്യമഞ്ജരി ഏഴാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എന്റെ ഭാഷ എന്ന നീണ്ട കവിതയില്‍ നിന്നും എടുത്തിട്ടുള്ളതാണ് പ്രസ്തുത കവിതാ ഭാഗം. മാതൃഭാഷയായ മലയാളഭാഷയോട് കവിക്കുള്ള സ്‌നേഹവും ഭക്തിയും ആദരവും നിറഞ്ഞുതുളുമ്പുന്നതാണ് ഈ കവിത.

  മലയാളികളുടെ ജന്മദേശമാണ് കേരളം. പതിനയ്യായിരം ചതുരശ്ര മൈല്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഈ കൊച്ചു സംസ്ഥാനം ഭാരതത്തിന്റെതെക്കു പടിഞ്ഞാറേ കോണില്‍ സ്ഥിതിചെയ്യുന്നു. സഹ്യപര്‍വ്വതത്തിനും അറബിക്കടലിനും മധ്യേ കിടക്കുന്ന കേരളം പ്രകൃതിസുന്ദരമാണ്. കിഴക്കു ഭാഗത്തു തഴച്ചു വളര്‍ന്നിരിക്കുന്ന വന്‍വനങ്ങളും പടിഞ്ഞാറ് ഇരമ്പിക്കൊïണ്ടിരിക്കുന്ന കടലും നടുക്ക് നദികളും കായലുകളും അരുവികളും തോടുകളും ഗ്രാമങ്ങളും പട്ടണങ്ങളും നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ ഈ ഭൂവിഭാഗം സഞ്ചാരികളുടെ സ്വര്‍ഗമാണ്; നാട്ടുകാരുടെ അഭിമാനമാണ്.